വിവര സാങ്കേതിക വിദ്യയിലെ മാറ്റങ്ങൾ
ലൈബ്രറികളുടെ പ്രവർത്തന രീതികളെ അടിമുടി പരിഷ്ക്കരിച്ചിട്ടുണ്ട്.
കമ്പ്യൂട്ടർവൽക്കരണത്തിലൂടെ മെച്ചപ്പെട്ട സേവനം വായനക്കാർക്ക് നൽകുന്നതിനു
ലൈബ്രറികൾക്ക് സാധിക്കുന്നുണ്ട്. ലൈബ്രറികളുടെ കമ്പ്യൂട്ടർവൽക്കരണം അടുത്ത
കാലം വരെ ചിലവേറിയതായിരിന്നു. ലൈബ്രറി സോഫ്റ്റ്‌വെയറുകളുടെ ഉയർന്ന
വിലയായിരിന്നു പ്രധാന കാരണം. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഈ
രംഗത്തെക്കുള്ള കടന്നു വരവ് ലൈബ്രറികളുടെ കമ്പ്യൂട്ടർവൽക്കരണം
കാര്യക്ഷമമായ രീതിയിലും, കുറഞ്ഞ ചിലവിലും നടത്തുവാൻ സാധിക്കും എന്ന്
തെളിയിച്ചു.
'കോഹ' (Koha)
സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ചു കൊണ്ട് കോട്ടയം പബ്ലിക് ലൈബ്രറി (Kottayam Public Library)
കമ്പ്യൂട്ടർവൽക്കരിക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്.
ന്യൂസിലണ്ടിലെ ഹാരോവെന്വ ലൈബ്രറി ട്രസ്റ്റ് (Horowhenua Library Trust)
ആണ് കോഹ ലൈബ്രറി സോഫ്റ്റ്‌വെയർ പദ്ധതിക്ക് 2000ൽ തുടക്കമിട്ടത്. ഇന്ന്
ലോകത്താകമാനം വിവിധ തരം ലൈബ്രറികളിൽ കോഹ ഉപയോഗിച്ചു വരുന്നു. ഇന്ത്യയിൽ
തന്നെ ഡൽഹി പബ്ലിക് ലൈബ്രറിയും (Delhi Public Library), കൊണ്ണമാറ പബ്ലിക്
ലൈബ്രറിയും (Konnemara Public Library) കോഹ ഉപയോഗിക്കുന്നുണ്ട്.
കേരളത്തിലെ ഭൂരിഭാഗം യുണിവേഴ്സിറ്റി ലൈബ്രറികളും കോഹ ഉപയോഗിച്ചു
തുടങ്ങിയിരിക്കുന്നു.
ഒരു
ലക്ഷത്തിലധികം പുസ്തകങ്ങളാണ് കോട്ടയം പബ്ലിക് ലൈബ്രറിയിൽ ഉള്ളത്.
പുസ്‌തകങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മെച്ചപ്പെട്ട രീതിയിൽ വായനക്കാർക്ക്
അറിയുന്നതിനുള്ള സംവിധാനം ഒരുക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിനു വേണ്ടിയുള്ള
ഓണ്‍ലൈൻ കാറ്റലോഗ് ഉടൻ പ്രവർത്തന സജ്ജമാകും. ഓരോ ഭാഷയിലുമുള്ള
പുസ്തകങ്ങളുടെ വിവരങ്ങൾ അതാത് ഭാഷകളിൽ തന്നെ ലഭ്യമാക്കാൻ കഴിയും.
വായനക്കാരന് വീട്ടിലിരിന്നു കൊണ്ട് തന്നെ ഇന്റർനെറ്റിന്റെ സഹായത്തോടെ
പുസ്തകങ്ങൾ തിരയാനും അവയുടെ ലഭ്യത പരിശോധിക്കാനും പുതിയ സംവിധാനത്തിന്റെ
സഹായത്തോടെ സാധിക്കും. പുസ്തകങ്ങൾ ഓണ്‍ലൈൻ റിസർവ് ചെയ്യാം. വായനക്കാർക്ക്
പുതിയ പുസ്തകങ്ങൾ വാങ്ങാനുള്ള നിർദേശം ഓണ്‍ലൈൻ കാറ്റലോഗിലൂടെ
സമർപ്പിക്കാം.
സ്വതന്ത്ര
സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കമ്പ്യൂട്ടർവൽക്കരണം നടത്തുന്ന മധ്യ
തിരുവിതാംകൂറിലെ ആദ്യ പബ്ലിക് ലൈബ്രറി ആയിരിക്കും കോട്ടയം പബ്ലിക്
ലൈബ്രറി. ഈ പ്രദേശത്തെ മറ്റു പബ്ലിക് ലൈബ്രറികൾക്ക്
കമ്പ്യൂട്ടർവൽക്കരണത്തിനു ഒരു പുതിയ മാതൃക കാണിച്ചു കൊടുക്കുന്നതിനും, മാർഗ
നിർദേശവും പരിശീലനവും നൽകുന്നതിനു ഈ സംരംഭം കൊണ്ട് സാധിക്കും.
No comments:
Post a Comment